Society Today
Breaking News

തിരുവനന്തപുരം: ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്ററിന്റെ വാര്‍ഷിക സമ്മേളനം  ഹയാത്ത് റീജന്‍സിയില്‍ ആരംഭിച്ചു.ഹൃദ്രോഗ പ്രതിരോധം, ചികിത്സ, രോഗമുക്തി എന്നിവയ്ക്കായി ആരോഗ്യമേഖല അവലംബിക്കേണ്ട നൂതന  മാര്‍ഗരേഖകള്‍,  സാങ്കേതികവിദ്യകള്‍, ചികിത്സാ രീതികള്‍ എന്നിവ രണ്ട് ദിവസത്തെ സമ്മേളനം ചര്‍ച്ച ചെയ്യും.ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.ശശികുമാര്‍ എം സമ്മേളനം ഉദ്ഘാടനം ചെയ്തു.പ്രമേഹം, രക്താതിമര്‍ദ്ദം, . കൊളസ്‌ട്രോള്‍ തുടങ്ങിയ ഹൃദ്രോഗ ഘടകങ്ങളുടെ വ്യാപനം കൂടുകയാണെന്ന്  ഡോ.ശശികുമാര്‍ എം പറഞ്ഞു.കൃത്യമായ ബോധവല്‍ക്കരണ പരിപാടികള്‍ വഴി ജനങ്ങളുടെ ജീവിതശൈലി മെച്ചപ്പെടുത്തേണ്ടതുണ്ട്.  രക്തസമ്മര്‍ദ്ദം, ഗ്ലൂക്കോസ്, കൊളസ്‌ട്രോള്‍, അമിത ഭാരം,  തെ റ്റായ ഭക്ഷണരീതി എന്നിവ നിയന്ത്രിക്കാന്‍ ഇത് ആവശ്യമാണ്., അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ ഹൃദയാരോഗ്യം ലക്ഷ്യമിട്ട്  ഐ.സി.സി.കെ നിലവില്‍ സ്‌കൂളുകളില്‍ ഹൃദ്രോഗ പ്രതിരോധ പരിപാടി' നടത്തുന്നുണ്ട്.'ഓഗസ്റ്റില്‍ എല്ലാ ജില്ലകളിലും പരിപാടി പൂര്‍ത്തിയാക്കും. ഓരോ അധ്യയന വര്‍ഷത്തിലും ഇതിന്റെ പതിപ്പുകള്‍ നടക്കും. വിദ്യാര്‍ത്ഥികളുടെ ഹൃദയസംബന്ധമായ അപകടസാധ്യതകള്‍ വിലയിരുത്തുന്നതിനുള്ള  ആരോഗ്യ പരിശോധനയും നടക്കുമെന്ന് ഡോ. ശശികുമാര്‍ എം. പറഞ്ഞു. പ്രതിരോധ നടപടികള്‍ക്ക് പുറമേ  ഹൃദ്രോഗങ്ങള്‍ക്കുള്ള നൂതന കാത്തീറ്റര്‍ ചികിത്സാ നടപടിക്രമങ്ങളെക്കുറിച്ച് പൊതുജന അവബോധം സൃഷ്ടിക്കേണ്ടതും അനിവാര്യമാണെന്ന് ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയും എസ് കെ. ഹോസ്പിറ്റലിലെ സീനിയര്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുമായ ഡോ. അര്‍ഷാദ് എം പറഞ്ഞു.കീറിമുറിക്കലില്ലാത്ത  കത്തീറ്റര്‍ അധിഷ്ഠിത ചികിത്സകള്‍ പോലെയുള്ള ഏറ്റവും നൂതനമായ മെഡിക്കല്‍ സാങ്കേതികവിദ്യകളുടെ പ്രയോജനങ്ങള്‍  എല്ലാവരിലും എത്തിച്ചേരണം. തുല്യമായ ആരോഗ്യ പരിരക്ഷ ഇതുവഴി ഉറപ്പുനല്‍കാന്‍ സാധിക്കും.

ഹൃദ്രോഗങ്ങള്‍ക്കുള്ള ആധുനിക ചികിത്സകളുടെ ലഭ്യതയെക്കുറിച്ച് സാധാരണക്കാരന് അടിസ്ഥാന അറിവ് ഉണ്ടായിരിക്കണം, ഡോ.അര്‍ഷാദ് എം പറഞ്ഞു.ഉദ്ഘാടന സമ്മേളനത്തില്‍  ഐ സി സി ദേശീയ അധ്യക്ഷന്‍ ജയഗോപാല്‍ പി.ബി മുഖ്യ പ്രഭാഷണം നടത്തി. ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. മംഗളാനന്ദന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ.അര്‍ഷാദ് എം, ഐ സി സി കേരള പ്രസിഡന്റ്   ഇലക്ട് ഡോ. വിനോദ് തോമസ്, സെക്രട്ടറി പ്ലാസിഡ് സെബാസ്റ്റ്യന്‍, ട്രഷറര്‍ ഡോ.സുജയ് രംഗ, ഡോ.സായി സതീഷ്, ഡോ.ആര്‍.അനന്തരാമന്‍ എന്നിവര്‍ സംസാരിച്ചു.ആന്റിഡയബറ്റിക് മരുന്നുകളും ഹൃദയാഘാതവും, കാര്‍ഡിയാക് പ്രാക്ടീസിലെ നൂതന മരുന്നുകള്‍, ക്രമരഹിതമായ ഹൃദയമിടിപ്പ്, അമിതമായ കൊളസ്‌ട്രോളിനുള്ള പുതിയ ചികിത്സാ രീതികള്‍, ഹൃദയത്തിലെ വൈകല്യങ്ങള്‍ അടയ്ക്കുന്നതിനുള്ള സമീപനങ്ങള്‍ എന്നിവ അക്കാദമിക് ചര്‍ച്ചകളില്‍  ഉള്‍പ്പെടുന്നു.അത്യന്താധുനിക കത്തീറ്റര്‍ ചികിത്സകള്‍, ഏറ്റവും പുതിയ സ്‌റ്റെന്റ് സാങ്കേതികവിദ്യ, പ്രാഥമിക ആന്‍ജിയോപ്ലാസ്റ്റി, ബൈഫര്‍ക്കേഷന്‍ പിസിഐ, മള്‍ട്ടി വെസല്‍ പിസിഐ, പൂര്‍ണ്ണമായ ബ്ലോക്കുകള്‍, കാര്‍ഡിയാക് ഇമേജിംഗ് സാങ്കേതിക വിദ്യകള്‍, വാല്‍വ് മാറ്റി വെക്കല്‍,  എന്നിവക്കായുള്ള ഏറ്റവും പുതിയ ചികിത്സാ രീതികളും മാര്‍ഗ്ഗരേഖകളും വിദഗ്ദ്ധര്‍ വിശദീകരിക്കും.പ്രമുഖ ദേശീയ ഫാക്കല്‍റ്റികളും, മുന്നൂറിലധികം ഹൃദ്രോഗ വിദഗ്ധരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.


 

Top